പത്തനംതിട്ട: സുറിയാനി ഭാഷാ പണ്ഡിതനും റിട്ട. എസ്പിയുമായ വർഗീസ് ജോർജ് പച്ചയിലിനെ മലങ്കര കത്തോലിക്കാ സഭ ബഹുമതി നൽകി ആദരിച്ചു.
സുറിയാനി പഠനത്തിലെ നക്ഷത്രം എന്ന അർഥം വരുന്ന ‘കൗക്ബോദ് മേൽപ്പോനുത്തോ’ സുറിയോത്തോ എന്ന പദവിയാണ് വർഗീസ് ജോർജിന് സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മാനിച്ചത്.
കേരള പോലീസിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വർഗീസ് ജോർജ് വിവിധ ജില്ലകളിൽ പോലീസ് മേധാവിയായും വിജിലൻസ് വിഭാഗത്തിലും പ്രവർത്തിച്ചു. കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് സെന്റററിൽ (സീരി) സുറിയാനി അധ്യാപകനായിരുന്നു. സഭയുടെ ഇതര സ്ഥാപനങ്ങളിലും അദ്ദേഹം സുറിയാനി അധ്യാപകനായി പ്രവർത്തിച്ചിരുന്നു.
പത്തനംതിട്ട രൂപത ആസ്ഥാനത്തു ചേർന്ന ചടങ്ങിലാണ് വർഗീസ് ജോർജ് പച്ചയിലിനുള്ള പദവി പ്രഖ്യാപനം കർദിനാൾ ക്ലീമിസ് ബാവ നിർവഹിച്ചത്. അദ്ദേഹം എഴുതിയ ടേബിൾ ഓഫ് ലൈഫ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ക്ലീമിസ് ബാവ നിർവഹിച്ചു.
തിരുവല്ല ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയിലെ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, മാർത്തോമ്മ സഭയിലെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, പ്രഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, സീരി ഡയറക്ടർ റവ.ഡോ.ജേക്കബ് തൈപ്പറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.